
ദോഹ: ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾക്ക് (Electrical Substations) മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചുകൊണ്ട് കഹ്റാമ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവർ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.സബ്സ്റ്റേഷനുകൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അടിയന്തര സാഹചര്യങ്ങളിലെ അറ്റകുറ്റപ്പണികളെയും നിശ്ചിത സമയങ്ങളിൽ നടക്കേണ്ട പരിശോധനകളെയും നേരിട്ട് ബാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.വൈദ്യുതി ബന്ധം തകരാറിലാകുന്ന സാഹചര്യങ്ങളിൽ, സർവീസ് വേഗത്തിൽ പുനഃസ്ഥാപിക്കാൻ ഇത്തരം തടസ്സങ്ങൾ കാലതാമസമുണ്ടാക്കുന്നു.സബ്സ്റ്റേഷനുകളുടെ സുരക്ഷയെയും സൈറ്റിന്റെ ഭദ്രതയെയും ഇത് ദോഷകരമായി ബാധിക്കുന്നു.വൈദ്യുതി ശൃംഖലയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ എല്ലാ വാഹന ഉടമകളും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കഹ്റാമ തങ്ങളുടെ 'X' (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു. നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ പാർക്ക് ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കി ശിക്ഷാ നടപടികൾ സ്വീകരിക്കും.











